Saturday, June 4, 2011

വലിച്ചെറിഞ്ഞ വസ്തു

ഇനിയൊരു ബ്ലോഗ്‌ ജന്മം കൂടി വേണോ?

സ്കൂളില്‍ പഠിക്കുമ്പോള്‍ ശാസ്ത്രജ്ഞനാവാന്‍ മോഹം .കോളേജ് വിദ്യാഭ്യാസകാലത്ത്‌ ഡോക്ടറാകാന്‍ പ്രയത്നം . മാസവരുമാനത്തിന്ബാങ്ക് ജീവനക്കാരനായി പണിയെടുക്കല്‍.പിന്നെ ജീവിച്ചെന്ന തോന്നലിനു വേണ്ടി കുറെ ചെറുകഥകളും കുറച്ചു നോവലുകളും രചിക്കല്‍..... ഇതെല്ലാംകഴിഞ്ഞ് ഈ മധ്യവയസ്സില്‍ ഒരു ബ്ലോഗര്‍ കൂടിയാവേണ്ടതുണ്ടോ?ഈ ചോദ്യം മുഖത്തേക്കടിച്ചതും അതിനോടനുബന്ധിച്ചു കുറെ ഓര്‍മ്മകളും ചിന്തകളും വിശദീകരണങ്ങളുമാണ് മനസ്സിലേക്ക് ഒരുങ്ങി വരുന്നത്



കാലം 1980കളുടെ അവസാനം .ഞാന്‍ SBIയില്‍ കാഷ്യര്‍ ആയി ജോലി നോക്കുന്നു .ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ കടത്തിവിടാനുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.ആയിരക്കണക്കിന് തൊഴില്‍ സാധ്യതകളെ ഒറ്റയടിക്ക്‌ വെട്ടിവിഴുങ്ങുന്ന കമ്പ്യൂട്ടര്‍ബകനെതിരെ സകല ട്രേഡ് യൂണിയനുകളും സമരകാഹളം മുഴക്കാന്‍ തുടങ്ങി . ബാങ്കിന്റെ പണിയെക്കാള്‍ ട്രേഡ് യൂണിയന്റെ പണികളില്‍ ബദ്ധശ്രദ്ധനായ ഞാന്‍ സ്വാഭാവികമായും സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍ വിരുദ്ധസമരങ്ങളിലേക്ക് എടുത്തു ചാടി .നിലവിലുള്ള തൊഴിലുകളെ മാത്രമല്ല ,ഉരുത്തിരിയാന്‍ പോകുന്ന തൊഴില്‍സാധ്യതകളെക്കൂടി സ്ഥാപനഗര്‍ഭത്തില്‍വെച്ച് തന്നെ കലക്കുന്ന ഒടിയന്റെ പ്രതിച്ഛായയായിരുന്നു ആ ഗര്‍വിഷ്ടയന്ത്രസ്വരൂപത്തിന് എന്റെ മനസ്സില്‍ .തുടര്‍ന്ന് ഏകദേശം അഞ്ചാറുകൊല്ലത്തോളം വിവിധബാങ്ക് യൂണിയനുകള്‍ computerisationന് എതിരേനടത്തിക്കൊണ്ടിരുന്ന കടുത്ത ആക്രമണപ്രതിരോധനടപടികളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുകയും ശത്രുവിനോടുള്ള വിദ്വേഷകാലുഷ്യങ്ങള്‍ഹൃദയത്തിനകത്ത് വളര്‍ത്തുകയും ചെയ്തു.അത്കൊണ്ടായിരിക്കാം പിന്നീട് സകലകര്‍മ്മ രംഗങ്ങളിലെക്കും കമ്പ്യൂട്ടര്‍ നിര്‍ല്ലോഭം കടന്നു വന്നിട്ടും ,എഴുത്ത്പണിക്കായിഞാന്‍ തന്നെ അതിന്‍റെഒത്താശതേടിയിട്ടും ഞങ്ങള്‍ തമ്മിലുള്ള രാശിപ്പൊരുത്തം അത്ര മെച്ചപ്പെട്ടതാകാഞ്ഞത് . ഈയുള്ളവന്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് കമ്പ്യൂട്ടര്‍ ഏടാകൂടങ്ങള്‍ സൃഷ്ടിക്കുകയും അതിനുള്ള കാരണം കണ്ടുപിടിക്കുന്നതിനു പകരം ഞാനങ്ങു ചൂടാവുകയും ചെയ്യും . ഉള്ളിലുള്ള പഴയ കെറുവ് തികട്ടി വരുന്നതിന്റെലക്ഷണമായിരിക്കാം അതെല്ലാം .നിങ്ങള്‍ അത് ചെയ്തോ,ഇത് ചെയ്തോ എന്നതരത്തില്‍ കമ്പ്യൂട്ടര്‍സ്ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ എനിക്ക് വല്ലാതെ കലിവരും . ഇങ്ങോട്ട് പഠിപ്പിക്കാന്‍നില്‍ക്കാതെ അങ്ങോട്ട്‌ പറയുന്നത് ചെയ്താല്‍ പോരെയെന്നു ഞാന്‍ പല്ല് ഞെരിക്കും . എന്തൊക്കെയായാലും ഇവന്‍ വെറുമൊരുയന്ത്രം ..ഞാനോ ?ദൈവത്തിന്റെ സമുന്നതസൃഷ്ടിയും .


കമ്പ്യൂട്ടറുമായി തുടക്കം മുതലേ ഉണ്ടായിരുന്ന വശപ്പിശക് പോലെത്തന്നെ നിഷേധാത്മകമായിരുന്നു കമ്പ്യൂട്ടര്‍ വഴിയുള്ള ബ്ലോഗിനോടുള്ള എന്റെ സമീപനവും . 'ഓ,ഇനി ഇതില്ക്കൂടിയാണോ കഥയും കവിതയും ലേഖനവുമെല്ലാം' എന്നൊരു പരിഹാസം എപ്പോഴും ഉള്ളില്‍ തുളുമ്പി . മുന്‍ധാരണയെ ബലപ്പെടുത്തുന്ന തരത്തിലായിരുന്നു ആദ്യകാല ബ്ലോഗ്‌ രചനകളുടെസ്വഭാവവും. കുറ്റംകണ്ടു പിടിക്കാനാണ് എങ്കിലും ഞാന്‍ നടത്തിയചില ബ്ലോഗ്‌ പര്യടനങ്ങളില്‍ കുറേതമാശക്കാരുടെ വളിപ്പടിക്കലുകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടുള്ളൂ. അതോടെ ബ്ലോഗ്‌ എഴുത്തിനെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍പല വേദികളിലുംഇങ്ങനെ ഉയര്‍ന്നു -കേരളത്തിനു പുറത്ത്ചിതറിക്കിടക്കുന്ന സമ്പന്നരായ കുറേ മലയാളികളുണ്ടല്ലോ. അവര്‍ക്ക് കൊച്ചു വര്‍ത്തമാനംപറയാനുള്ള വേദിയാണ് ബ്ലോഗ്‌ ,ഇവര്‍ ഇവരുടെ ഉയര്‍ന്നചിന്തകളുംകണ്ടെത്തലുകളും തങ്ങളുടെintellectual language ആയ ഇംഗ്ലീഷില്‍നടത്തുമ്പോള്‍ മലയാളത്തെക്കൊണ്ട് വിലകുറഞ്ഞ പീറപ്പണി ചെയ്യിക്കുന്നതാണ് ബ്ലോഗിലൂടെ പ്രത്യക്ഷപ്പെടുന്നത് -കല്യാണം കഴിക്കാനും വേദിയില്‍ എഴുന്നള്ളിക്കാനും വരേണ്യയുവതികളെ സ്വീകരിക്കുമ്പോള്‍ നേരമ്പോക്കിനു കീഴാളപെണ്ണുങ്ങളെ കയറിപ്പിടിക്കുന്നത് പോലെത്തന്നെ . എന്നാല്‍ ,ആ അഭിപ്രായപ്രകടനത്തിനു ശേഷം കാലമേറെ മുന്‍പോട്ടു പോയിരിക്കുന്നു . ഇന്ന് ഗൌരവതരമായ ആശയങ്ങളുടേയും ആവിഷ്ക്കാരങ്ങളുടെയും വേദിയായി മലയാളം ബ്ലോഗുകള്‍ മാറാന്‍തുടങ്ങിയിരിക്കുന്നു . മാത്രമല്ല ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വിപ്ലവകരമായ ദൌത്യങ്ങള്‍ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങള്‍ ലോകമെങ്ങും സംജാതമായിക്കൊണ്ടിരിക്കുന്നു. അതിനാലാണ് 2011ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍വെച്ച്നടന്ന ബ്ലോഗര്‍മാരുടെ കൂടിച്ചേരലില്‍ ഞാന്‍ അതിഥിയായി പങ്കെടുത്തതും വൈകിയ വേളയിലെങ്കിലും ഒരു ബ്ലോഗറായി വേഷമിട്ടതും . എന്തുകൊണ്ട് ബ്ലോഗ്‌ എഴുത്ത് എന്ന ചോദ്യത്തിന് അതിന്‍റെ മുന്‍കാലശത്രുവിന് താഴെപറയുന്ന മറുപടികളാണ് ബോധിപ്പിക്കാനുള്ളത് -----


1.പ്രസിദ്ധീകരണരംഗത്തെ ഏറ്റവും വലിയ ജനാധിപത്യവല്‍ക്കരണപ്രക്രിയയാണ് സത്യത്തില്‍ ബ്ലോഗെഴുത്ത് . ഒരു എഡിറ്ററുടെയോ , അയാള്‍/അവള്‍ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെയോ താല്പ്പര്യങ്ങളുടെ കൂച്ചുവിലങ്ങില്ലാത്ത ആവിഷ്ക്കരണ മാധ്യമം ബ്ലോഗ്‌ മാത്രമാണ് . നിങ്ങള്‍ക്ക് ലോകത്ത് ഒരേയൊരു വായനക്കാരനേ ഉള്ളൂവെങ്കില്‍ കൂടി അയാളെ ബ്ലോഗിലൂടെ കണ്ടെത്താനാവും. ഗുണനിലവാരത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്തതിനാല്‍ എന്തും കാട്ടാനുള്ള കൂത്തരങ്ങാവില്ലേ ബ്ലോഗുകള്‍ എന്ന സംശയംചിലര്‍ പ്രകടിപ്പിക്കാറുണ്ട് . എന്നാല്‍ ഈ ഗുണനിലവാരമില്ലായ്മ അതിന്റെ സ്വാഭാവികമായ അന്ത്യം കണ്ടെത്തിക്കൊള്ളുമെന്നു സമാധാനിക്കാം .


2.പുതിയ തലമുറയില്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം ഏറി വരികയാണ് കടലാസ് അപ്രത്യക്ഷമാകുന്ന കാലം ഒരു അസംഭാവ്യതയല്ല . പലരാജ്യങ്ങളിലും social network സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . ഈ സാഹചര്യത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ എഴുത്തും അതിനു വേണ്ടി നിലകൊള്ളുന്നവരും മലയാളം ബ്ലോഗ്‌ എഴുത്തിലേക്ക് എത്തിചേരേണ്ടതാണ് .അല്ലെങ്കില്‍ മലയാളികള്‍ക്കിടയിലെ social networking വഷളന്‍മാരുടെയും പെണ്ണ് പിടിയന്മാരുടെയും കേളീരംഗമായിത്തീരും . താനിരിക്കുന്നിടത്തു താന്‍ ഇരുന്നില്ലെന്കില്‍ ............


തുഞ്ചന്‍പറമ്പില്‍ നടന്ന ബ്ലോഗര്‍മാരുടെ സമ്മേളനം നിഷ്കളങ്കരും ഊര്‍ജ്ജസ്വലരുമായ കുറേ അക്ഷരസ്നേഹികളുടെ കൂട്ടായ്മയായി അനുഭവപ്പെട്ടു . സൌഹൃദത്തിന്റെ വല്ലാത്തൊരു വെളിച്ചം അത് പ്രസരിപ്പിച്ചിരുന്നു . രക്തദാനം തൊട്ട് ജോലി വാങ്ങിക്കൊടുക്കല്‍ ‍വരെയുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്ക് ബ്ലോഗേഴ്സ് കൂട്ടായ്മകള്‍ സഹായകരമാകുന്നുണ്ടെന്നുള്ള അറിവ് ആവേശകരമായി .


3.ഒരു പറ്റം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കിരാത ഭരണകൂടങ്ങളെ തൂത്തെറിയാന്‍ social networking സംവിധാനങ്ങളാണ് ഉപാധിയായതെന്ന പുത്തന്‍പ്രതിഭാസം അവഗണിക്കാവുന്നതല്ല. മടുപ്പിനും മാലിന്യത്തിനുമൊപ്പം സാധ്യതകളുടെ വിപ്ലവമാനങ്ങളും technology സമ്മാനിക്കുന്നുണ്ട് . ഗതികെട്ടാല്‍ നമുക്കും ആ പുല്ല് തിന്നേണ്ടി വരില്ലേ ?ഭരണകൂട ഭീകരത സംഭവിക്കാന്‍ ഏകാധിപത്യം ആവശ്യമില്ലെന്ന്‌ ഓര്‍ക്കുക . ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ നിന്നാണ് ഇറോം ശര്‍മിളയും, ബിനായക് സെന്നും പത്രത്തലക്കെട്ടുകളിലേക്ക്‌ കടന്നു വരുന്നത് .


'അതിനാല്‍ നീ സൃഷ്ടിക്കപ്പെടുന്ന നിന്റെ ആത്മപൊരുളിന്റെ പേരില്‍ എഴുതുക '--


വരമൊഴിയില്‍ മാത്രമല്ല , തിരമൊഴിയിലും .

52 comments:

Unknown said...

അപ്പൊ ഇങ്ങളും ബ്ലോഗറായി. നന്നായി.കമന്റ് മലയാളത്തില്‍ ചെയ്യുമ്പോ ഇംഗ്ലീഷില്‍ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ബുദ്ധിമുട്ടാണ് മാഷേ.

Manoraj said...

മാഷേ, വളരെ സന്തോഷമുണ്ട് മാഷിനെ ബ്ലോഗറില്‍ കാണുമ്പോള്‍. ഒരു ദിവസത്തിന്റെ കുറേ സമയമെങ്കിലും അടുത്തിടപെടാന്‍ കഴിഞ്ഞതിന്റെ ചാര്‍താര്‍ത്ഥ്യം ഇന്നുമുണ്ട്. തുഞ്ചന്‍പറമ്പില്‍ വെച്ച് ബ്ലോഗ് തുടങ്ങണമെന്നുണ്ടെന്നും മറ്റും പറഞ്ഞപ്പോഴും ഒരിക്കലും അത് ഉണ്ടാവും എന്ന് കരുതിയില്ല എന്നത് സത്യം. ഒരു പക്ഷെ ബ്ലോഗിനും ബ്ലോഗെഴുത്തിനും എതിരെ ഒട്ടേറെ പേര്‍ ഒളിഞ്ഞും തെളിഞ്ഞും കുറ്റം‌പറയുമ്പോള്‍, വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ബ്ലോഗിനെ പരാ‍മര്‍ശിച്ച് ആളാകാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് തള്ളിപ്പറഞ്ഞതിലുള്ള കുറ്റബോധം തുറന്ന് പറഞ്ഞ് ബ്ലോഗിലേക്ക് വരുന്നത് സന്തോഷം തന്നെ. വിശാലമായ ഈ ബൂലോകത്തിലേക്ക് രാമനുണ്ണിമാഷിന് സ്വാഗതം.

Unknown said...

മാഷിനെ ബൂലോകത്ത് കാണാൻ കഴിഞ്ഞതിൽ സന്തോഷം....,
ഹൃദ്യമായ സ്വാഗതം...

വാഴക്കോടന്‍ ‍// vazhakodan said...

അന്ന് തിരൂര്‍ വെച്ച് പരിചയപ്പെടാനൊത്തില്ല.
ബൂലോകത്ത് കണ്ടതില്‍ പെരുത്ത് സന്തോഷം!
ബൂലോകത്തേക്ക് സുസ്വാഗതം!

ജനാര്‍ദ്ദനന്‍.സി.എം said...

ബ്ലോഗ് ലോകത്തേക്ക് സുസ്വാഗതം.
താങ്കളുടെ പോസ്റ്റ് സത്യസന്ധത കൊണ്ടുതന്നെ ഹൃദ്യമായിരിക്കുന്നു.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

ജസ്റ്റിന്‍ said...

വരേണ്ട പലരില്‍ ഒരാള്‍. തിരിച്ചറിവുകള്‍ പുതിയ വഴിത്തിരിവുകള്‍ ആകട്ടെ

Anonymous said...

ബൂലോകത്തേയ്ക്കു സ്വാഗതം...
തുഞ്ചന്‍പറമ്പ് മീറ്റാണ് പ്രേരകമെന്നറിഞ്ഞപ്പൊ അളവറ്റ സന്തോഷം തോന്നുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

ബൂലോകത്തേക്ക് സ്വാഗതം,
ഞാൻ ബ്ലോഗിൽ ഹരിശ്രീ കുറിച്ചത് തുഞ്ചൻ പറമ്പിലെ ബ്ലോഗ് മീറ്റിൽ വച്ചായിരുന്നു..

http://ponmalakkaran.blogspot.com/2011/04/blog-post_22.html

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
നിരക്ഷരൻ said...

രാമനുണ്ണി മാഷിന് ബൂലോകത്തേക്ക് സുസ്വാഗതം.

ഈ ഒരു ലേഖനം, ഇതൊന്ന് മാത്രം മതി ബ്ലോഗുകളെ ഒന്നടങ്കം തള്ളിപ്പറയുന്നവർക്ക് മുന്നിൽ....

‘നിങ്ങൾ പറയുന്നത് പോലൊന്നുമല്ല കാര്യങ്ങൾ; മറുകരയിൽ നിന്ന് എല്ലാം കണ്ട് പഠിച്ചുമനസ്സിലാക്കിയ ഒരു വ്യക്തിയുടെ അഭിപ്രായങ്ങളിതാ’ എന്ന് ഉയർത്തിക്കാണിക്കാൻ.

വൈകിവന്നതു കാരണം തുഞ്ചൻ പറമ്പിൽ വെച്ച് നേരിട്ട് കാണാനും പരിചയപ്പെടാനും കഴിയാതെ പോയതിൽ ഖേദിക്കുന്നു.

അലി said...

സ്വാഗതം...
ബൂലോകത്തും താങ്കളുടേ അനുഗ്രഹീതമായ കയ്യൊപ്പ് പതിയട്ടെ.

നികു കേച്ചേരി said...

വൈകിവന്ന വസന്തം ..സന്തോഷം മാഷേ....

vijayakumarblathur said...

ആശ്വാസം..രണ്ടാം തരം പൊഉരന്മാരല്ല ബ്ലോഗർമാർ എന്ന സാക്ഷ്യത്തിനു

yousufpa said...

പ്രിയപ്പെട്ട മാഷെ,
ഒരു വല്ലാത്ത സന്തോഷം മനസ്സിനെ മഥിക്കുന്നു. താങ്കളുടെ ഈ പ്രവേശം ബൂലോഗത്തെ അക്ഷരക്കൂട്ടായ്മക്ക് മുതല്ക്കൂട്ടും
പ്രചോദനവുമാണ്‌.ബൂലോഗത്തെ അക്ഷര കാരണവരായി താങ്കൾക്ക് സ്വാഗതമേകുന്നു.
സസന്തോഷം,
യൂസുഫ്പ കൊച്ചനൂർ.

Sarija NS said...

അച്ചടിച്ചു വരുന്നതല്ലാത്തവ വായിക്കാന്‍ തയ്യാറായ എഴുത്തുകാരന് നന്ദി.

Rakesh KN / Vandipranthan said...

ബൂലോകത്തേക്ക് സുസ്വാഗതം! and thanks for this article.

chithrakaran:ചിത്രകാരന്‍ said...

പുതിയ അവബോധ പ്രഖ്യാപനം അസ്സലായി ! ഇനി കളിഅങ്ങ്ട്ട് തൊടങ്ങട്ടെ :)
ഈ തിരിച്ചരിവ് മടിച്ചു നില്‍ക്കുന്ന കൂടുതല്‍ പേരിലെത്തിക്കാനായി പ്രിന്റ് മീഡിയയിലും പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കും.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ഒരു യാത്രികന്‍ said...

ബൂലോകെത്തെക്ക് ഹൃദ്യമായ സ്വാഗതം. അങ്ങനെ മതിലുകള്‍ പൊളിഞ്ഞു വീഴട്ടെ.......സസ്നേഹം

Malayali Peringode said...

സ്വാഗതം.... :-)



-ഒരു വായനക്കാരൻ!!

ഗീത said...

അറിയപ്പെടുന്ന എഴുത്തുകാരനായ ശ്രീ. രാമനുണ്ണീയുടെ ബൂലോകത്തേയ്ക്കുള്ള വരവ് ഞങ്ങളേയും ധന്യരാക്കുന്നു. ബ്ലൊഗ് എഴുതുന്നതിൽ ഇപ്പോൾ ഇത്തിരി മടിതോന്നിയിരിക്കുന്ന ഈ അവസ്ഥയിൽ ഇത് ഒരു പ്രചോദനവുമേകുന്നു. സ്വാഗതം ഇവിടേക്ക്.

ശ്രീരാഗ് - श्रीराग Lone Traveler said...

രാമനുണ്ണി മാഷിനു ബൂലോകത്തേയ്ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം...

kARNOr(കാര്‍ന്നോര്) said...

സ്വാഗതം ഇനിയും വരാം

Basheer Vallikkunnu said...

താങ്കളെപ്പോലൊരാള്‍ ബ്ലോഗുകളുടെ ലോകത്തേക്ക് കടന്നു വരുന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് തീര്‍ത്തും ആവേശം നല്‍കുന്നുണ്ട്. സുസ്വാഗതം.

kazhchakkaran said...

മാഷേ ഹൃദയം നിറഞ്ഞ സ്വാഗതം... അങ്ങയുടെ എഴുത്തുകൾ ഞങ്ങൾക്ക് ഇനി ബ്ലോഗിലൂടെയും വായിക്കാമല്ലോ...

ശ്രീജിത് കൊണ്ടോട്ടി. said...

മാഷേ.. ബൂലോകത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം...

sm sadique said...

പ്രിയ രാമനുണ്ണീ മാഷ് , ഹൃദയം നിറഞ്ഞ സ്വാഗതം. ഞാൻ തുഞ്ചൻ പറമ്പിലെ ബ്ലോഗ് മീറ്റിലെ ഒരേയൊര് വീൽചെയർ സാന്നിധ്യം.

Unknown said...

വളരെ സന്തോഷമുണ്ട് മാഷിനെ ബ്ലോഗറില്‍ കാണുമ്പോള്‍.
ഹൃദ്യമായ സ്വാഗതം...

താങ്കളുടെ ഈ പ്രവേശം ബൂലോഗത്തെ അക്ഷരക്കൂട്ടായ്മക്ക് മുതല്ക്കൂട്ടും
പ്രചോദനവുമാണ്‌.

ബൂലോകത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം...

Dr.Muhammed Koya @ ഹരിതകം said...
This comment has been removed by the author.
Pradeep Kumar said...

സ്വാഗതം. അങ്ങയെപ്പോലൊരാള്‍ ഞങ്ങള്‍ക്കിടയിലേക്ക് വരുന്നത് ആവേശകരമാണ്.അംഗീകരിക്കപ്പെടുന്നത് ബ്ലോഗുകളില്‍ ചെറിയ എഴുത്തുമായി കഴിയുന്ന ഞങ്ങളാണ്.

Dr.Muhammed Koya @ ഹരിതകം said...

സന്തോഷം രാമനുണ്ണി സാര്‍ ,
ബ്ലോഗികളില്‍ കുറെ നല്ല രചനകള്‍ ഉണ്ടാവുന്നുണ്ട്. ഇതൊന്നും പുറംലോകം അറിയുന്നില്ലെന്നു മാത്രം.താങ്കള്‍ പറഞ്ഞപോലെ ഒരു വായനക്കാരന്‍ മാത്രമേ ഉള്ളൂ എങ്കിലും ഒരു രചന വെളിച്ചം കാണാന്‍ ബ്ലോഗ്‌ നല്ല മാധ്യമമാണ്.സാധാരണഗതിയില്‍ അച്ചടിമാദ്ധ്യമങ്ങളിലൊക്കെ ഒരു സംഗതി പ്രസിദ്ധീകരിച്ചു വരാന്‍ എന്തൊക്കെ കടമ്പകള്‍ കടക്കണം? പുതിയ തലമുറ മലയാളം മറക്കുമ്പോള്‍ മലയാളത്തെ സ്നേഹിക്കുന്ന ഒരു പാടുപേര്‍ ബൂലോകത്തുണ്ട്.ബ്ലോഗ്‌ പ്രിന്‍റ് മാധ്യമങ്ങളുടെ ഇടയില്‍ ഒരു പാലമാകട്ടെ താങ്കളുടെ വരവ്.

www.kuttikkattoor.blogspot.com

Anonymous said...

സര്‍ സാറിനെ പോലൊരാള്‍ ഈ ബൂലോകത്തേക്ക് വന്നതില്‍ സന്തോഷിക്കുന്നു ... സര്‍ സംബന്ധിച്ച ഒരു പരിപാടിയില്‍ ബഹറിനില്‍ നിന്നും കാണാന്‍ സാധിച്ചിട്ടുണ്ട് ..താങ്കളെ പോലൊരാളിലെ ചിന്തകള്‍ ഇന്ന് ബ്ലോഗിനെ കുറിച്ച് നല്ലൊരു കായ്ച്ചപ്പാടിലേക്ക് മാറിയതില്‍ ഞങ്ങളെ പോലുള്ള ബ്ല്ലോഗുടമകള്‍ക്ക് ഒത്തിരി സന്തോഷം നല്‍കുന്നു... സാറിനെ ഈ ബോലോഗത്തേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു ...

നൗഷാദ് അകമ്പാടം said...

മാഷേ...ബൂലോകത്തേക്ക് സ്വാഗതം....!

തീര്‍ച്ചയയും ഇതൊരു വിശേഷ വാര്‍ത്ത തന്നെ!

Fousia R said...

" ഇവന്‍ വെറുമൊരുയന്ത്രം ..ഞാനോ ?ദൈവത്തിന്റെ സമുന്നതസൃഷ്ടിയും "
മാഷ്ക്ക് എല്ലാ ആശംസകളും.

വാല്യക്കാരന്‍.. said...

നന്നായി മാഷേ,,
എന്നതായാലും വല്യ സന്തോഷായി..
വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ഇനി ഇവിടെയുമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു..

ജന്മസുകൃതം said...

സാര്‍,
തുഞ്ചന്‍ പറമ്പില്‍ വച്ച് നമ്മള്‍ കണ്ടിരുന്നു.സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ
പ്രകാശനകര്‍മ്മം നിര്‍വഹിച്ചു ഞങ്ങളെ സന്തുഷ്ടരാക്കുകയും ചെയ്തു....
(pls visit http://clsbooks.blogspot.com/)
ഇപ്പോള്‍ ഈ കടന്നു വരവ് അതിലേറെ സന്തോഷം തരുന്നു.
സാറിനെപ്പോലെ ഒരാളുടെ സാന്നിധ്യം ബ്ലോഗുലകത്തിന് ഒരു മുതല്‍ കൂട്ടാണ്.
ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു .

ഏറനാടന്‍ said...

ബ്ലോഗ്‌ രംഗത്തേക്ക്‌ സ്വാഗതം.

jayanEvoor said...

വളരെ സന്തോഷം മാഷേ....

ഞങ്ങൾക്കൊപ്പം, മാർഗനിർദേശങ്ങളുമായി കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ, ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു!

ഏതെങ്കിലും ഒരു ബ്ലോഗ് കൂട്ടായ്മയിൽ വച്ച് ഇനിയും കാണാം!

Manikandan said...

രാമനുണ്ണി സാർ അങ്ങയുടെ സത്യസന്ധമായ സ്വയംവിമർശനം ഇഷ്ടപ്പെട്ടു. ഈ ബൂലോകത്തും കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളും, സംവാദങ്ങളും, രചനകളും നടത്താൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

നാമൂസ് said...

സ്നേഹാദരവുകളോടെ... സുസ്വാഗതം.

Unknown said...

ബ്ലോഗെഴുത്തുകാർ എന്നാൽ വെറും വാൽ നക്ഷത്രങ്ങളാണെന്ന് മുഖ്യ ധാരാ എഴുത്തുകാരിൽ ചിലർ എഴുതി തള്ളുമ്പോളും , ബെന്യാമിനും, സച്ചിദാനന്ദനും, ബാലചന്ദ്രൻ ചുള്ളിക്കാടൂം ഒക്കെ ബ്ലോഗെഴുത്തു രംഗത്തെ പ്രോത്സാഹിച്ചപോലെ .രാമനുണ്ണി സാറീന്റെ ഈ തിരിച്ചു വരവിൽ അതിയായ സന്തോഷം രേഖപ്പെടൂത്തുന്നു. മലയാളം ബ്ലോഗ്ഗെഴുത്ത് സജ്ജീവമാകുന്നതിന്റെ പച്ച വെളിച്ചം വീണ്ടും ഉയര്ന്നു കത്തുന്നതിലുള്ള ആഹ്ലാദവും അറിയിക്കട്ടെ .

Sabu Hariharan said...

വരാന്‍ താമസിച്ചു പോയെന്നു തോന്നുന്നുണ്ടോ ? :)

Subiraj Raju said...

ഹൃദ്യമായ സ്വാഗതം...

Unknown said...

സ്വാഗതം.

Manu Nellaya / മനു നെല്ലായ. said...

സ്വാഗതം മാഷെ.... അന്ന് തുഞ്ചന്‍ പറമ്പില്‍ വെച്ച് കണ്ടിരുന്നു... സംസാരിക്കാന്‍ കഴിഞ്ഞില്ല...നഷ്ട്ട ബോധം....!! ഇനിയൊരു നാള്‍ കാണാം.....
ഹൃദയ പൂര്‍വ്വം....


മനു....

-- >>>> ഇതു എന്‍റെ ഇടം...ചുമ്മാ കുത്തികുറിക്കലുകള്‍...>>>> ;) http://manusmrithikal.blogspot.com/

jjK said...

നന്നായി.....ഒത്തിരി സന്തോഷമായി........ബൂലോകത്തില്‍ ഹരിശ്രീ കുറിക്കുന്ന എന്നെ പോലെയുള്ള തുടക്കക്കാര്‍ക്ക് ദക്ഷിണ കൊടുക്കാന്‍ ഒരു അക്ഷരക്കാരനവരെ കിട്ടിയല്ലോ.
മാഷ്ന്റെ പോസ്റ്റുകള്‍ ധാരാളമായി പ്രതീക്ഷിക്കുന്നു...

MOIDEEN ANGADIMUGAR said...

മാഷിനെ ബൂലോകത്ത് കാണാൻ കഴിഞ്ഞതിൽ സന്തോഷം.
ഹൃദ്യമായ സ്വാഗതം...

Anonymous said...

രാമനുണ്ണിമാഷിന്റെ വരവില്‍ നിറഞ്ഞ സന്തോഷം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്വാഗതം മാഷേ. അങ്ങു പറഞ്ഞതുപോലെ “അക്ഷരസ്നേഹികളുടെ കൂട്ടായ്മ , സൌഹൃദത്തിന്റെ വല്ലാത്തൊരു വെളിച്ചം”അതു തന്നെയാണ് മലയാളം ബ്ലോഗ്. ഈ കൂട്ടായ്മയിലേക്ക് തെളിഞ്ഞ വെളിച്ചവുമായി അങ്ങും എത്തിയപ്പോള്‍ സമ്പന്നമായി ഈ ബൂലോകം.

Kalavallabhan said...

ഒരു പേടി !
അതികായന്മാരുടെ ഈ വരവിൽ മൂടുറയ്ക്കാത്തതിങ്ങൾക്കൊക്കെ നിലനില്പ്പുണ്ടാവുമോ ?

തമാശ പറഞ്ഞതാണ്‌.

സ്വാഗതം സുസ്വാഗതം.

Kattil Abdul Nissar said...

ശ്രീ, കെ.പി. രാമനുണ്ണിയുടെ കടന്നു വരവ് സര്‍ഗ
ലോകത്തിനു പുറമ്പോക്ക് കളില്‍ താമസിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നു.കാരണം,ഒരു വലിയ ആശങ്കക്കാണ്‌ അത് വിരാമം ആവുന്നത്.ഞാനും
ബ്ലോഗ്‌ ലോകത്ത് പുതുതാണ്.പേനയില്‍ നിന്ന് വിരല്‍
തുമ്പി ലേക്കുള്ള മാറ്റത്തെ സ്വച്ഛന്ത മനസ്സോടെയല്ല ഉള് കൊണ്ടിരുന്നത്.പ്രസിദ്ധീകരണങ്ങളുടെ നിലവാരത്തിലെ
ക്ക് ബ്ലോഗ്‌ വളരുമോ എന്ന് പോലും വ്യര്‍ഥ മായെങ്കി ലും ശങ്കിച്ചിരുന്നു.അതിപ്പോള്‍ മാറി.മുമ്പ് സി.രാധാ
കൃഷ്ണന്‍ എഴുതാന്‍ കമ്പ്യൂടര്‍ ഉപയോഗിച്ചപ്പോള്‍ ഇതേ ആശങ്ക ഉണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലാകു ന്നു ഇനി ബ്ലോഗുകള്‍ ആണ് സാഹിത്യത്തിന്റെ എഴുത്ത് പലക എന്ന് . നന്ദി

mujeeb kaindar said...

രാമനുണ്ണി സാറിനു,
താങ്കളുടെ രചനകള്‍ www.ourkasaragod.com ല്‍ വരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യാമോ?
അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നു.

SHAMSUDEEN THOPPIL said...

സ്വാഗതം മാഷേ. അങ്ങു പറഞ്ഞതുപോലെ “അക്ഷരസ്നേഹികളുടെ കൂട്ടായ്മ , സൌഹൃദത്തിന്റെ വല്ലാത്തൊരു വെളിച്ചം”അതു തന്നെയാണ് മലയാളം ബ്ലോഗ്. ഈ കൂട്ടായ്മയിലേക്ക് തെളിഞ്ഞ വെളിച്ചവുമായി അങ്ങും എത്തിയപ്പോള്‍ സമ്പന്നമായി ഈ ബൂലോകം.
www.hrdyam.blogspot.com