പ്രശസ്ത കവിയും മള്‍ബറി ബുക്സിന്റെ പ്രസാധകനു സര്‍വ്വോപരി നിഷ്കളങ്കനായൊരു മനുഷ്യനുമായ ഷെല്‍വിയുടെ ചരമദിനം കഴിഞ്ഞ മാസമായിരുന്നു. മലയാളത്തിലെ പുസ്തക പ്രസാധനത്തെ അത്യന്തം സര്ഗ്ഗാത്മകമാക്കിയതിന്റെ പേരില്‍ ഡി.സി. കിഴക്കെമുറിയുടെ അനുമോദനങ്ങള്‍ കൂടി ഷെല്‍വി നേടിയിട്ടുണ്ട്. എന്റെ ആ ആത്മാര്‍ത്ഥ സുഹൃത്തിനെപ്പറ്റിയുള്ള ചെറിയൊരു ഓര്മ്മക്കഥ ഇവിടെ ചേര്‍ക്കുന്നു. - മണമ്പൂര്‍ രാജന്‍ബാബു എഡിറ്ററായ ഇന്ന് മാസികയില്‍ പ്രസിദ്ധീകരിച്ചത്.
ഷെല്‍വിയുടെ ചിരി
സ്നേഹമുള്ള എന്തിനെക്കുറിച്ച് പറയുമ്പോഴും ഷെല്‍വി വല്ലാത്തൊരു ഭാവത്തില്‍ ചിരിക്കുമായിരുന്നു. പറച്ചിലിനൊപ്പം മനസ്സിലുള്ള സ്നേഹഭാജനത്തെ നൊട്ടി നുണഞ്ഞ് ആസ്വദിക്കുന്ന ആഴച്ചിരി. എന്റെ വളര്‍ത്തുനായയായ ദേവുവിനെ ഷെല്‍വിയുടെ കാറിലാണ് തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. പിന്നീട് എപ്പോള്‍ കണ്ടുമുട്ടുമ്പോഴും എങ്ങനെയുണ്ട് ഉണ്യേ നമ്മുടെ ദേവൂട്ടീ എന്ന് അവന് കിളുകിളെ ചിരിച്ച് അന്വേഷിക്കും. ദേവു എന്ന നായയുടെ വാഴ്വില് അത്യാനന്ദപുളകിതനായിക്കൊണ്ടുള്ള ഒരു അന്വേഷണം.
പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും തന്റേതായി സ്വാത്മീകരിക്കുന്നതാണ് ഉദാത്തമായ ദൈവാനുഭവമെന്ന് തിബത്തന്‍ ലാമമാരെക്കുറിച്ചുള്ള പഠനത്തില്‍ അടുത്തിടെ വായിച്ചു. അത് ഷെല്വിയില് അളവില്ക്കവിഞ്ഞ് ഉള്ളത് കൊണ്ടായിരിക്കുമോ അവന് പെട്ടെന്ന് തന്നെ തിരിച്ച് വിളിച്ചത് ?