ഇനിയൊരു ബ്ലോഗ് ജന്മം കൂടി വേണോ?സ്കൂളില്‍ പഠിക്കുമ്പോള്‍ ശാസ്ത്രജ്ഞനാവാന്‍ മോഹം .കോളേജ് വിദ്യാഭ്യാസകാലത്ത് ഡോക്ടറാകാന്‍ പ്രയത്നം . മാസവരുമാനത്തിന്ബാങ്ക് ജീവനക്കാരനായി പണിയെടുക്കല്‍.പിന്നെ ജീവിച്ചെന്ന തോന്നലിനു വേണ്ടി കുറെ ചെറുകഥകളും കുറച്ചു നോവലുകളും രചിക്കല്‍..... ഇതെല്ലാംകഴിഞ്ഞ് ഈ മധ്യവയസ്സില്‍ ഒരു ബ്ലോഗര്‍ കൂടിയാവേണ്ടതുണ്ടോ?ഈ ചോദ്യം മുഖത്തേക്കടിച്ചതും അതിനോടനുബന്ധിച്ചു കുറെ ഓര്‍മ്മകളും ചിന്തകളും വിശദീകരണങ്ങളുമാണ് മനസ്സിലേക്ക് ഒരുങ്ങി വരുന്നത് കാലം 1980കളുടെ അവസാനം .ഞാന്‍ SBIയില്‍ കാഷ്യര്‍ ആയി ജോലി നോക്കുന്നു .ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ കടത്തിവിടാനുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.ആയിരക്കണക്കിന് തൊഴില്‍ സാധ്യതകളെ ഒറ്റയടിക്ക് വെട്ടിവിഴുങ്ങുന്ന കമ്പ്യൂട്ടര്‍ബകനെതിരെ സകല ട്രേഡ് യൂണിയനുകളും സമരകാഹളം മുഴക്കാന്‍ തുടങ്ങി . ബാങ്കിന്റെ പണിയെക്കാള്‍ ട്രേഡ് യൂണിയന്റെ പണികളില്‍ ബദ്ധശ്രദ്ധനായ ഞാന്‍ സ്വാഭാവികമായും സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍ വിരുദ്ധസമരങ്ങളിലേക്ക് എടുത്തു ചാടി .നിലവിലുള്ള തൊഴിലുകളെ മാത്രമല്ല ,ഉരുത്തിരിയാന്‍ പോകുന്ന തൊഴില്‍സാധ്യതകളെക്കൂടി സ്ഥാപനഗര്‍ഭത്തില്‍വെച്ച് തന്നെ കലക്കുന്ന ഒടിയന്റെ പ്രതിച്ഛായയായിരുന്നു ആ ഗര്‍വിഷ്ടയന്ത്രസ്വരൂപത്തിന് എന്റെ മനസ്സില്‍ .തുടര്‍ന്ന് ഏകദേശം അഞ്ചാറുകൊല്ലത്തോളം വിവിധബാങ്ക് യൂണിയനുകള്‍ computerisationന് എതിരേനടത്തിക്കൊണ്ടിരുന്ന കടുത്ത ആക്രമണപ്രതിരോധനടപടികളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുകയും ശത്രുവിനോടുള്ള വിദ്വേഷകാലുഷ്യങ്ങള്‍ഹൃദയത്തിനകത്ത് വളര്‍ത്തുകയും ചെയ്തു.അത്കൊണ്ടായിരിക്കാം പിന്നീട് സകലകര്‍മ്മ രംഗങ്ങളിലെക്കും കമ്പ്യൂട്ടര്‍ നിര്‍ല്ലോഭം കടന്നു വന്നിട്ടും ,എഴുത്ത്പണിക്കായിഞാന്‍ തന്നെ അതിന്‍റെഒത്താശതേടിയിട്ടും ഞങ്ങള്‍ തമ്മിലുള്ള രാശിപ്പൊരുത്തം അത്ര മെച്ചപ്പെട്ടതാകാഞ്ഞത് . ഈയുള്ളവന്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് കമ്പ്യൂട്ടര്‍ ഏടാകൂടങ്ങള്‍ സൃഷ്ടിക്കുകയും അതിനുള്ള കാരണം കണ്ടുപിടിക്കുന്നതിനു പകരം ഞാനങ്ങു ചൂടാവുകയും ചെയ്യും . ഉള്ളിലുള്ള പഴയ കെറുവ് തികട്ടി വരുന്നതിന്റെലക്ഷണമായിരിക്കാം അതെല്ലാം .നിങ്ങള്‍ അത് ചെയ്തോ,ഇത് ചെയ്തോ എന്നതരത്തില്‍ കമ്പ്യൂട്ടര്‍സ്ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ എനിക്ക് വല്ലാതെ കലിവരും . ഇങ്ങോട്ട് പഠിപ്പിക്കാന്‍നില്‍ക്കാതെ അങ്ങോട്ട് പറയുന്നത് ചെയ്താല്‍ പോരെയെന്നു ഞാന്‍ പല്ല് ഞെരിക്കും . എന്തൊക്കെയായാലും ഇവന്‍ വെറുമൊരുയന്ത്രം ..ഞാനോ ?ദൈവത്തിന്റെ സമുന്നതസൃഷ്ടിയും .
കമ്പ്യൂട്ടറുമായി തുടക്കം മുതലേ ഉണ്ടായിരുന്ന വശപ്പിശക് പോലെത്തന്നെ നിഷേധാത്മകമായിരുന്നു കമ്പ്യൂട്ടര്‍ വഴിയുള്ള ബ്ലോഗിനോടുള്ള എന്റെ സമീപനവും . 'ഓ,ഇനി ഇതില്ക്കൂടിയാണോ കഥയും കവിതയും ലേഖനവുമെല്ലാം' എന്നൊരു പരിഹാസം എപ്പോഴും ഉള്ളില്‍ തുളുമ്പി . മുന്‍ധാരണയെ ബലപ്പെടുത്തുന്ന തരത്തിലായിരുന്നു ആദ്യകാല ബ്ലോഗ് രചനകളുടെസ്വഭാവവും. കുറ്റംകണ്ടു പിടിക്കാനാണ് എങ്കിലും ഞാന്‍ നടത്തിയചില ബ്ലോഗ് പര്യടനങ്ങളില്‍ കുറേതമാശക്കാരുടെ വളിപ്പടിക്കലുകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടുള്ളൂ. അതോടെ ബ്ലോഗ് എഴുത്തിനെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍പല വേദികളിലുംഇങ്ങനെ ഉയര്‍ന്നു -കേരളത്തിനു പുറത്ത്ചിതറിക്കിടക്കുന്ന സമ്പന്നരായ കുറേ മലയാളികളുണ്ടല്ലോ. അവര്‍ക്ക് കൊച്ചു വര്‍ത്തമാനംപറയാനുള്ള വേദിയാണ് ബ്ലോഗ് ,ഇവര്‍ ഇവരുടെ ഉയര്‍ന്നചിന്തകളുംകണ്ടെത്തലുകളും തങ്ങളുടെintellectual language ആയ ഇംഗ്ലീഷില്‍നടത്തുമ്പോള്‍ മലയാളത്തെക്കൊണ്ട് വിലകുറഞ്ഞ പീറപ്പണി ചെയ്യിക്കുന്നതാണ് ബ്ലോഗിലൂടെ പ്രത്യക്ഷപ്പെടുന്നത് -കല്യാണം കഴിക്കാനും വേദിയില്‍ എഴുന്നള്ളിക്കാനും വരേണ്യയുവതികളെ സ്വീകരിക്കുമ്പോള്‍ നേരമ്പോക്കിനു കീഴാളപെണ്ണുങ്ങളെ കയറിപ്പിടിക്കുന്നത് പോലെത്തന്നെ . എന്നാല്‍ ,ആ അഭിപ്രായപ്രകടനത്തിനു ശേഷം കാലമേറെ മുന്‍പോട്ടു പോയിരിക്കുന്നു . ഇന്ന് ഗൌരവതരമായ ആശയങ്ങളുടേയും ആവിഷ്ക്കാരങ്ങളുടെയും വേദിയായി മലയാളം ബ്ലോഗുകള്‍ മാറാന്‍തുടങ്ങിയിരിക്കുന്നു . മാത്രമല്ല ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വിപ്ലവകരമായ ദൌത്യങ്ങള്‍ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങള്‍ ലോകമെങ്ങും സംജാതമായിക്കൊണ്ടിരിക്കുന്നു. അതിനാലാണ് 2011ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍വെച്ച്നടന്ന ബ്ലോഗര്‍മാരുടെ കൂടിച്ചേരലില്‍ ഞാന്‍ അതിഥിയായി പങ്കെടുത്തതും വൈകിയ വേളയിലെങ്കിലും ഒരു ബ്ലോഗറായി വേഷമിട്ടതും . എന്തുകൊണ്ട് ബ്ലോഗ് എഴുത്ത് എന്ന ചോദ്യത്തിന് അതിന്‍റെ മുന്‍കാലശത്രുവിന് താഴെപറയുന്ന മറുപടികളാണ് ബോധിപ്പിക്കാനുള്ളത് -----
1.പ്രസിദ്ധീകരണരംഗത്തെ ഏറ്റവും വലിയ ജനാധിപത്യവല്‍ക്കരണപ്രക്രിയയാണ് സത്യത്തില്‍ ബ്ലോഗെഴുത്ത് . ഒരു എഡിറ്ററുടെയോ , അയാള്‍/അവള്‍ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെയോ താല്പ്പര്യങ്ങളുടെ കൂച്ചുവിലങ്ങില്ലാത്ത ആവിഷ്ക്കരണ മാധ്യമം ബ്ലോഗ് മാത്രമാണ് . നിങ്ങള്‍ക്ക് ലോകത്ത് ഒരേയൊരു വായനക്കാരനേ ഉള്ളൂവെങ്കില്‍ കൂടി അയാളെ ബ്ലോഗിലൂടെ കണ്ടെത്താനാവും. ഗുണനിലവാരത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്തതിനാല്‍ എന്തും കാട്ടാനുള്ള കൂത്തരങ്ങാവില്ലേ ബ്ലോഗുകള്‍ എന്ന സംശയംചിലര്‍ പ്രകടിപ്പിക്കാറുണ്ട് . എന്നാല്‍ ഈ ഗുണനിലവാരമില്ലായ്മ അതിന്റെ സ്വാഭാവികമായ അന്ത്യം കണ്ടെത്തിക്കൊള്ളുമെന്നു സമാധാനിക്കാം .
2.പുതിയ തലമുറയില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം ഏറി വരികയാണ് കടലാസ് അപ്രത്യക്ഷമാകുന്ന കാലം ഒരു അസംഭാവ്യതയല്ല . പലരാജ്യങ്ങളിലും social network സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . ഈ സാഹചര്യത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ എഴുത്തും അതിനു വേണ്ടി നിലകൊള്ളുന്നവരും മലയാളം ബ്ലോഗ് എഴുത്തിലേക്ക് എത്തിചേരേണ്ടതാണ് .അല്ലെങ്കില്‍ മലയാളികള്‍ക്കിടയിലെ social networking വഷളന്‍മാരുടെയും പെണ്ണ് പിടിയന്മാരുടെയും കേളീരംഗമായിത്തീരും . താനിരിക്കുന്നിടത്തു താന്‍ ഇരുന്നില്ലെന്കില്‍ ............
തുഞ്ചന്‍പറമ്പില്‍ നടന്ന ബ്ലോഗര്‍മാരുടെ സമ്മേളനം നിഷ്കളങ്കരും ഊര്‍ജ്ജസ്വലരുമായ കുറേ അക്ഷരസ്നേഹികളുടെ കൂട്ടായ്മയായി അനുഭവപ്പെട്ടു . സൌഹൃദത്തിന്റെ വല്ലാത്തൊരു വെളിച്ചം അത് പ്രസരിപ്പിച്ചിരുന്നു . രക്തദാനം തൊട്ട് ജോലി വാങ്ങിക്കൊടുക്കല്‍ വരെയുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്ക് ബ്ലോഗേഴ്സ് കൂട്ടായ്മകള്‍ സഹായകരമാകുന്നുണ്ടെന്നുള്ള അറിവ് ആവേശകരമായി .
3.ഒരു പറ്റം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കിരാത ഭരണകൂടങ്ങളെ തൂത്തെറിയാന്‍ social networking സംവിധാനങ്ങളാണ് ഉപാധിയായതെന്ന പുത്തന്‍പ്രതിഭാസം അവഗണിക്കാവുന്നതല്ല. മടുപ്പിനും മാലിന്യത്തിനുമൊപ്പം സാധ്യതകളുടെ വിപ്ലവമാനങ്ങളും technology സമ്മാനിക്കുന്നുണ്ട് . ഗതികെട്ടാല്‍ നമുക്കും ആ പുല്ല് തിന്നേണ്ടി വരില്ലേ ?ഭരണകൂട ഭീകരത സംഭവിക്കാന്‍ ഏകാധിപത്യം ആവശ്യമില്ലെന്ന് ഓര്‍ക്കുക . ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ നിന്നാണ് ഇറോം ശര്‍മിളയും, ബിനായക് സെന്നും പത്രത്തലക്കെട്ടുകളിലേക്ക് കടന്നു വരുന്നത് .
'അതിനാല്‍ നീ സൃഷ്ടിക്കപ്പെടുന്ന നിന്റെ ആത്മപൊരുളിന്റെ പേരില്‍ എഴുതുക '--
വരമൊഴിയില്‍ മാത്രമല്ല , തിരമൊഴിയിലും .