Saturday, June 18, 2011

രണ്ടാം ജന്മമോ,രണ്ടാം കേട്ടോ? ! !

മരുമക്കത്തായം നിലനിര്‍ത്തിപ്പോരുന്ന മുസ്ലിം കുടുംബങ്ങളില്‍നിന്ന് പെണ്ണുകെട്ടാന്‍ നിയോഗം ലഭിച്ചിട്ടുള്ള പുരുഷന്മാരാണ് സുകൃതം ചെയ്തവര്‍ എന്നുപറയാം .കാരണം ,അത്രയ്ക്ക് സ്നേഹാദരപരിഗണനകളാണ് വാക്കിലൂടെയും,പ്രവൃത്തിയിലൂടെയും, രതിയിലൂടെയും,ഭക്ഷണത്തിലൂടെയും അയാളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുക !...പുതിയാപ്ലക്കുവേണ്ടി പ്രത്യേക അറ,പുതിയാപ്ലയെ വരവേല്‍ക്കാന്‍ വീട്ടുകാര്‍ ഒന്നടങ്ങിയ സ്വീകരണക്കമ്മിറ്റി,പുതിയാപ്ലക്ക് കഴിക്കാന്‍ പൊരിച്ചതും ചുട്ടതും പുഴുങ്ങിയതുമായ സസ്യേതരവിഭവങ്ങള്‍....പുറംലോകത്ത്‌ അയാള്‍ ഒരു മണ്ടശിരോമണിയായിരിക്കാമെങ്കിലും ഭാര്യവീട്ടിലേക്ക് പ്രവേശിക്കുന്നതോടെ ആ മനുഷ്യന്‍ നല്ലവനും മിടുക്കനും സകലകലാവല്ലഭനും എല്ലാമായിത്തീരുന്നു.


രണ്ടാം ജന്മത്തിലേക്കു കടക്കുകയാണോ എന്നു സംശയിച്ചാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയതെങ്കിലുംഇപ്പോളത് മുസ്ലിംമരുമക്കത്തായത്തിലേക്കുള്ള പെണ്ണുകെട്ടായാണ് ഫലത്തില്‍ അനുഭവപ്പെടുന്നത് .സ്വാഗതവും സുസ്വാഗതവും പറഞ്ഞു ബ്ലോഗെഴുത്തുകാര്‍ എന്നെ അലങ്കരിച്ച അറയിലേക്ക് ആനയിക്കുന്നു,ഇയാളെപ്പോലൊരു മണിമുത്തിനെ തങ്ങള്‍ക്ക് ബന്ധക്കാരനായികിട്ടിയല്ലോയെന്ന് ഒപ്പനപാടുന്നു,സര്‍വ്വ വിധ സഹായങ്ങളും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു ...അതെ,കെ .പി .രാമനുണ്ണി എന്ന ബ്ലോഗില്‍ ആദ്യത്തെ പോസ്റ്റിങ്ങ്‌ വീണപ്പോള്‍ അതിനെപ്രതി ലഭിച്ച സ്വീകരണങ്ങളും പ്രോത്സാഹനങ്ങളും ,അനുമോദനങ്ങളും ഈ എഴുത്തുകാരന്‍ അര്‍ഹിക്കുന്നതിനെക്കാള്‍ എത്രയോ അധികമായിരുന്നു.ആത്മാര്‍ഥവും,വ്യത്യസ്തവുമായ അനേകം പ്രതികരണങ്ങളില്‍ ബ്ലോഗ്‌ തുടങ്ങാനുള്ള സാങ്കേതികഉപദേശങ്ങള്‍ നല്‍കിയ മനോരാജിന്റെത് മുതല്‍ ഇടയ്ക്കിടെ പുരോഗതി ഫോണില്‍ തിരക്കിക്കൊണ്ടിരുന്ന 'കൊട്ടോട്ടിക്കാരന്റെ'തു വരെ നിറഞ്ഞു നിന്നു.ഇവര്‍ക്കെല്ലാം കൃതജ്ഞത രേഖപ്പെടുത്തുന്ന കൂട്ടത്തില്‍ എന്റെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവരികയാണ് -മറ്റു മണ്ഡലങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള സ്നേഹോഷ്മളതയും,സഹകരണ മനോഭാവവും എന്ത് കൊണ്ടായിരിക്കാം ബ്ലോഗര്‍മാര്‍ക്കിടയില്‍ കാണുന്നത് ?അധികാരത്തിന്റെ വ്യത്യസ്ത രൂപഘടനകളാണ് ,മനുഷ്യനും മനുഷ്യനും തമ്മില്‍ തഴയ്ക്കേണ്ട നന്മകളെയും,സൌഹൃദങ്ങളെയും നിരന്തരംതകര്‍ത്ത്കൊണ്ടിരിക്കുന്നതെന്ന ഒരു സിദ്ധാന്തം ഉണ്ട്.ഭരണകൂടം പൊഴിഞ്ഞു വീഴുന്ന കാലത്ത് മാത്രമാണല്ലോ ഒരുത്തന്റെ ശബ്ദം മറ്റൊരുത്തന്നു സംഗീതമാവുന്ന അവസ്ഥയെക്കുറിച്ച് ചിന്താശീലര്‍ സങ്കല്പ്പിക്കുന്നുള്ളൂ .അപ്പോള്‍ അധികാരത്തിന്റെ രൂപഘടനകളൊന്നും ബ്ലോഗിന്റെ ലോകത്ത് പ്രത്യക്ഷഭരണം നടത്തുന്നില്ല എന്നതായിരിക്കാം തുലോം മെച്ചപ്പെട്ട അന്തരീക്ഷം അവിടെ സംജാതമാകാന്‍ കാരണം.ഒരാളെ സ്വീകരിക്കാനോ,തിരസ്കരിക്കാനോ ,വലുതാക്കാനോ ,ചെറുതാക്കാനോ അവകാശമുള്ള എഡിറ്റര്‍ശക്തി 'ബൂലോകത്ത് ' നിലനില്‍ക്കുന്നില്ല .ഓരോരുത്തര്‍ക്കും തുല്യമായ ഇടം ,തുല്യമായ സ്ഥാനം ,തുല്യമായ അവസരം...കൂടാതെ സാഹിത്യഗണങ്ങള്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളെയും ബ്ലോഗ്‌ എഴുത്തില്‍ ഏതൊരുവനും കാറ്റില്‍ പറത്താം .പിന്നെ ചിലരുടെ ബ്ലോഗില്‍ താരതമ്യേന കൂടുതല്‍ ഹിറ്റുകളും പ്രിതികരണങ്ങളും വരുന്നുണ്ടെങ്കില്‍ അതും എല്ലാ ദൈവസൃഷ്ടിയുംപോലെ ഒരുപോലെയല്ലെന്നതിന്റെ നിദര്‍ശനമാകുന്നു.അധികം ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ നമ്മുടെ എഴുത്ത് വികസിക്കുകയാണെങ്കില്‍ നമ്മുടെ ബ്ലോഗിലും ജനത്തിരക്കേറും.സ്വന്തം നീളത്തിനും വീതിക്കും അനുസരിച്ചുള്ള ഉടുപ്പേ നമുക്ക് വേണ്ടൂ എന്ന് ആലോചിച്ചു ആശ്വസിക്കുന്നതില്‍ ഒരു യുക്തിയുമുണ്ട് .നീളമുണ്ടായിട്ടും നമുക്ക് കുട്ടിക്കുപ്പായം തുന്നിത്തരുന്ന തുന്നാരന്മാര്‍ ബ്ലോഗിന്റെ നാട്ടില്‍ ഇല്ലാതാനും.
ദൈവത്തിലേക്കെത്താന്‍ ഇടനിലക്കാരന്‍ ആവശ്യമില്ലാത്ത സ്വര്‍ഗം ഇന്നു 'ബൂലോകം ' മാത്രമായിത്തീരുകയാണോ ?!!!അതാണോ കരയുന്നവന്റെ കണ്ണീരൊപ്പാനും ,വിശക്കുന്നവന്റെ വിശപ്പ്‌ മാറ്റാനും,വേദനിക്കുന്നവന് ആശ്വാസമാവാനും ഇവിടെ ആളുകള്‍ സദാ സന്നദ്ധരാവുന്നത് ? .

26 comments:

Anonymous said...

സാറിനെപോലെ ഒരാളെ ബ്ലൊഗില്‍ കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. സത്യത്തില്‍ ബ്ലോഗര്‍ ആണെങ്കില്‍ പോലും ഞാനും ഒന്നും തന്നെ എഴുതാറില്ല. കുറേ ഓടിനടന്ന് വായിക്കാറുണ്ട്. കഴിഞ്ഞ ദിവസം തുഞ്ചന്‍ മീറ്റിന്റെ സുവനീര്‍ വി.പി.പിയായി കിട്ടി. സത്യത്തില്‍ ഇപ്പോള്‍ എന്തെങ്കിലും ഒക്കെ സ്ഥിരമായി എഴുതാന്‍ തോന്നുന്നു. എന്തായാലും ആ സുവനീര്‍ പ്രകാശനം നിര്‍വഹിച്ച ആളെന്ന നിലയില്‍ സാറിനും സന്തോഷിക്കാം.

Unknown said...

ദൈവാനുഗ്രഹം ..സ്തുതി പറയാം ദൈവത്തിന്ന് കൂട്ടത്തില്‍ ബൂലോഗര്‍ക്കും ...

Unknown said...

ദൈവാനുഗ്രഹം ..സ്തുതി പറയാം ദൈവത്തിന്ന് കൂട്ടത്തില്‍ ബൂലോഗര്‍ക്കും ...

കുന്നെക്കാടന്‍ said...

തീര്‍ച്ചയായും അങ്ങയെ പോലുള്ള എഴുത്തുകാര്‍ ബ്ലോഗില്‍ വരുമ്പോള്‍, അത് ഞങ്ങള്‍കുള്ള അംഗീകാരം കൂടിയാണ്.

ഇവിടെ വേലികെട്ടില്ല, അതിര്‍വരമ്പുകളും ഇല്ല, ബന്ധങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ടു തുന്നികൂട്ടിയതാണ് അത് കൊണ്ട് പോര്‍വിളികളും കുറവ്.
പറഞ്ഞും, കേട്ടും ഇവിടെ വാണരുളിയാലും

Anonymous said...

വളരെയധികം മനോഹരമായ ഒരു പുയ്യാപ്ലസ്സല്‍ക്കാരം കിട്ടിയതിനാലാവും കെ.പി.രാമനുണ്ണി (ബ്ലോ)വളരേ ഉഷാറായിരിക്കുന്നു. എന്നുവെച്ച് ഈ പ്രോത്സാഹനം എവിടെയും എല്ലാവര്‍ക്കും കിട്ടുന്നു എന്നൊന്നും അര്‍ഥമാക്കേണ്ട. വായനക്കാരില്‍ മിക്കവരും എഴുത്തുകാരും കൂടിയായ ഒരു പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് പിന്തുണ കൊടുക്കുക, പിന്തുണ ലഭിക്കുക എന്ന ഈ സഹകരണമനോഭാവം അത്യാവശ്യമാണ് പലപ്പൊഴും.

Manoraj said...

രാമനുണ്ണിമാഷ് പറഞ്ഞതില്‍ പലതും കാര്യം തന്നെ. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് തന്നെ itavazhiയുടെ കമന്റും. പക്ഷെ മറ്റൊന്നുണ്ട്. ഈയിടെ ബ്ലോഗര്‍ നമത് പറഞ്ഞ വാക്കുകള്‍ ഒന്ന് കടംകൊള്ളട്ടെ. “ബ്ലോഗ് എഴുത്തുകാരന്‍റെ ഭാവിയാണ്. ഭാവിയുടെ മാധ്യമവും. ഇന്നല്ലെങ്കില്‍ നാളെ. വായനക്കാരുടെ നഷ്ടമൊന്നും അനുഭവപ്പെടുന്നില്ല. ഞാനെഴുതിയാലും വേറാരെഴുതിയാലും പത്തായത്തില്‍ നെല്ലുണ്ടേ എലി ടാക്സി പിടിച്ചും വരും.“ നമതിന്റെ ഈ വാക്കുകള്‍ ഒരു പരിധി വരെ സത്യമാണെന്ന് തന്നെ മനസ്സ് പറയുന്നു.

മാഷേ, വളരെയേറെ സുഹൃദ്‌വലയങ്ങള്‍ക്കിടയിലും എന്നെയും കൊട്ടോട്ടിയെയും ഒക്കെ പേരെടുത്ത് പറയാന്‍ മാത്രം ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ വലിയ കാര്യം. സന്തോഷം തോന്നുന്നു. തുഞ്ചന്‍ പറമ്പില്‍ വന്നതിലും മാഷെ പരിചയപ്പെട്ടതിലും.

Salim PM said...

സൈബര്‍ ജാലകത്തില്‍ കെ.പി. രാമനുണ്ണി എന്നു കണ്ടപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. ബ്ലോഗില്‍ വന്നു ഫോട്ടോയും ഫ്രൊഫൈലും കണ്ടപ്പോഴാണ് വിശ്വാസമായത്. വളരെ വളരെ സന്തോഷം. (പോസ്റ്റിനെക്കുറിച്ച് അഭിപ്രായം എഴുതാന്‍ ഞാന്‍ ആര്)

- സോണി - said...

മാഷിന്റെ പുയ്യാപ്ള ഉപമ ഇഷ്ടമായി. നന്നായി എഴുതുന്നവരെ വായിക്കാന്‍ എപ്പോഴും ആളുണ്ടാവും. ഇപ്പോള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന തലമുറ ആവുമ്പോള്‍ വായന മരിക്കുകയല്ല ഇവിടെ, ജീവിക്കുകയാണ്, ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇത് രണ്ടാം ജന്മമല്ല... ആദ്യജന്മതിന്റെ ഒരംശം. അത് ഞങ്ങള്‍ക്ക് കൂടി പകുത്തു തന്നത് ഞങ്ങളുടെ ... ഇപ്പോള്‍ നമ്മള്‍... സുകൃതം.
സാരിനെപ്പോലെ ഉള്ളവര്‍ കടന്നു വന്നാല്‍ മാത്രമേ
ഈ മാധ്യമം പൂര്നതയിലെതൂ... ബ്ലോഗിലെഴുതുന്നവര്‍ അച്ചടിമാധ്യമത്തില്‍ സ്ഥാനം കിട്ടാതവരോ അച്ചടി മാധ്യമത്തിലെ പ്രഗല്‍ഭര്‍ ബ്ലോഗില്‍ ഒരിക്കലും എതിനോക്കിയിട്ടില്ലാതവരോ ആയിരിക്കരുത്.
(ആദ്യ പോസ്റ്റിലെ കമന്റ് നെറ്റിന്റെ പ്രശ്നം കൊണ്ട് വന്നില്ലെന്ന് തോന്നുന്നു.)

പ്രയാണ്‍ said...

നല്ല ഉപമ......:) ഈ അഭിപ്രായം നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.

mini//മിനി said...

എന്നെപ്പോലുള്ള പലരും ആദ്യമേ ഇവിടെവന്ന് രണ്ടാം ജന്മം ആഘോഷിക്കുകയാണ്. ജന്മസുകൃതങ്ങൾക്കിടയിൽ സാറിനെപ്പോലുള്ളവരെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും കാണാം, കാണണം.

Neena Sabarish said...

സൗഹൃദ ചന്ദന ഗന്ധമലിഞ്ഞ
മനസ്സിലൊരാരവമുണരുന്നൂ
കല്പന കനകവിളക്കുകളില്‍നവ
ദീപസഹസ്രമൊരുക്കുന്നൂ
നിറഞ്ഞമേഘക്കണ്ണില്‍,
നിവര്‍ന്നവാര്‍മഴവില്ലായ്,
നോവുകളകലുമൊരനുപമവേളയില്‍
സ്നേഹ സ്വാഗത ഗീതമിതാ.....

Anonymous said...

സത്യത്തില്‍ ബൂലോകത്ത് പഠിപ്പുമുടക്കിനില്‍ക്കുന്ന എനിക്ക് തോന്നുന്ന വികാരം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. അച്ചടിലോകത്തെ രാമനുണ്ണിയെ ബ്ലോഗില്‍ ഞങ്ങള്‍ ഒരുപാടു പ്രതീക്ഷിയ്ക്കുന്നുണ്ട്. മാഷ് പറഞ്ഞപോലെ എഡിറ്ററും പ്രസാധകരും നമ്മളൊക്കെയായ സ്ഥിതിയ്ക്ക് സ്വതന്ത്രമായി നാലാളോട് നന്നായി സംവദിയ്ക്കാന്‍ ഇതിലും നല്ല വേദി ഭൂലോകത്തുണ്ടാവാന്‍ വഴിയില്ല. നമുക്ക് സംവദിയ്ക്കാം, അക്ഷരങ്ങളിലൂടെ ഹൃദയം കവരുന്ന ഈ മാധ്യമത്തെ കണ്ണീരൊപ്പുന്നവന്റെ മനസ്സുകളുടെ കൂട്ടായ്മയാക്കി മാറ്റിയ നന്മനിറഞ്ഞവരികള്‍ ബ്ലോഗുകളില്‍ നിറയ്ക്കാം. അക്ഷരമുറ്റത്തുനിന്നും ബൂലോകത്തേയ്ക്കു കടന്നുവന്ന താങ്കളില്‍ നിന്നും ബൂലോകര്‍ ഒരുപാടു പ്രതീക്ഷിയ്ക്കുന്നുണ്ട്.

സുറുമി ചോലയ്ക്കൽ said...

താങ്കളുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു.

Villagemaan/വില്ലേജ്മാന്‍ said...

ബൂലോകത്ത് കണ്ടതില്‍ വളരെ സന്തോഷം..! മികച്ച രചനകളാല്‍ ഇവിടവും സമ്പന്നമാക്കാന്‍ സാധിക്കട്ടെ..

എന്‍.ബി.സുരേഷ് said...

വന്നു മാഷേ, വിശദമായ സന്ദർശനം ഉടനെ

Arif Zain said...

സ്വാഗതം, ഇനി എന്നും ഈ ബ്ലോഗില്‍ പുതിയത് വല്ലതും കേറീട്ടുണ്ടോ എന്ന് ചെക്ക് ചെയ്യും. അത്രക്കിഷ്ടമാനെനിക്ക് താങ്കളുടെ എഴുത്തുകള്‍.

ചന്തു നായർ said...

പ്രീയപ്പെട്ട കെ.പി.രാമനുണ്ണീ...ഇടക്കെപ്പോഴോ വഴിതെറ്റി കയറിയതാണ് ബ്ലോഗുകളിൽ ഞാനും.. കാലം നമ്മെ കമ്പ്യൂട്ടർ മുന്നിലിരുത്തിക്കഴിഞ്ഞൂ.. ഇവിടെ വന്നപ്പോൾ എനിക്കും കിട്ടിയ ഊഷ്മളമായ സ്വീകരണം എന്നേയും ഇവിടെ തടവിലിട്ടിരിക്കുന്നൂ. പ്രസാധകരുടെ കാരുണ്യത്തിനും, അവർ നൽകാത്ത റോയൽറ്റിക്കും ഇവിടെ കാത്തിരിക്കേണ്ടാ... പുതു നാമ്പുകളാണധികവും അതുകോണ്ട് തന്നെ കപടതയുടെ പൊയ്മുഖങ്ങളില്ലാ ഇവിടെ.. മനസ്സിനു സുഖം തരുന്ന കുറേപ്പെരുടെ തലോടൽ ചിലപ്പോൾ ശക്തമായ വിമർശനങ്ങൾ..ഒക്കെ നന്നായി ഞാനും അനുഭവിക്കുന്നൂ..സാഹിത്യ,സിനിമാ രംഗത്തുള്ള പലരും ഇനിയും ഇവിടെ എത്തിചേരാനുണ്ട്.. അവരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നൂ....താങ്കളുടെ ഈ വരവിനും എന്റെ മനസ്സ് കൊണ്ടും മോദനം...എല്ലാ ഭാവുകങ്ങളും..

Unknown said...

രാമനുണ്ണിമാഷിന് സ്വാഗതം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കരയുന്നവന്റെ കണ്ണീരൊപ്പാനും ,വിശക്കുന്നവന്റെ വിശപ്പ്‌ മാറ്റാനും,വേദനിക്കുന്നവന് ആശ്വാസമാവാനും നമുക്കെല്ലാവര്‍ക്കും ഒരുമിക്കാം .

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
SHANAVAS said...

രാമനുണ്ണി മാഷിനെ പോലെ ഒരാള്‍ ഈ രംഗത്തേക്ക് വന്നത് തന്നെ ഒരതിശയം ആയി തോന്നുന്നു...അതുകൊണ്ടുതന്നെ ഒരു കുഞ്ഞു ബ്ലോഗറായ എനിക്ക് വളരെ സന്തോഷവും..ഞാനും രാമനുണ്ണി സാറും ബ്ലോഗ്‌ എഴുതുന്നു എന്ന് പറയാമല്ലോ..ആനയുടെ കൂടെ നടക്കുന്ന എലിയുടെ ഗമ പോലെ..സാറിനെ തുഞ്ചന്‍ പറമ്പില്‍ കണ്ടിരുന്നു...അടുത്ത ഏതെന്കിലും മീറ്റില്‍ നേരിട്ട് കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നു...

mayflowers said...

സാറിനെ ബൂലോകത്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
സാറിവിടെ പുയ്യാപ്ലയല്ല,പുരക്കാരനാണ്.
സ്നേഹപൂര്‍വ്വം,സന്തോഷപൂര്‍വ്വം..

പാണന്‍ said...
This comment has been removed by the author.
പാണന്‍ said...

ഈ പൊന്നാനി ഉപമയാണെന്നെ വായിക്കാന്‍ നിര്‍ബന്ധിക്കുന്നത്. രാമനുണ്ണി മാഷിനു ബൂലോകത്തേക്ക് സ്വാഗതം.

നിരക്ഷരൻ said...

സോണി പറഞ്ഞതുപോലെ, ആ പുയ്യാപ്ല ഉപമ കേമായി :) മാഷ് മാസത്തിൽ ഒരു ലേഖനമെങ്കിലും എഴുതി ഇടണമെന്ന് ഒരു അപേക്ഷയുണ്ട്.

വയലാർ അവാർഡ് നേടിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.